വേറിട്ടൊരു ചമ്മന്തി ! ചോറും കഞ്ഞിയും വേഗത്തിൽ കാലിയാകും !!, ചോറും കഞ്ഞിയും പപ്പടവും ചമ്മന്തിയും കൂട്ടി രുചിയായി കഴിക്കുന്നവരാണ് മലയാളികളേറെയും. അപ്പോൾ പപ്പടവും ചമ്മന്തിയും ഒരുമിച്ചാക്കി വേറിട്ടൊരു വിഭവം തയ്യാറാക്കി നോക്കിയാലോ?! പാത്രം കാലിയാകുന്ന വഴി അറിയില്ല.
ഫുഡ് സൂക്ക് ഇത്തവണ പരിചയപ്പെടുത്തുന്നത് “പപ്പട ചമ്മന്തി” എന്ന പുത്തൻ വിഭവമാണ്. എല്ലാ വീട്ടിലും എപ്പോഴും ഉണ്ടായിരിക്കുന്ന സാധനങ്ങൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം !
ചേരുവകൾ:
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
പപ്പടം – 3
ചെറിയ ഉള്ളി – 5
വറ്റൽ മുളക് – 3
തേങ്ങ ചിരകിയത് അല്പം
ഇഞ്ചി – 2 ചെറിയ കഷണം
പെരുംജീരകം – ഒരു നുള്ള്
കല്ലുപ്പ് – ആവശ്യത്തിന്
നാരങ്ങാ നീര് – ഒരു ടീ സ്പൂൺ
കറിവേപ്പില – 2 തണ്ട്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ രണ്ടോ മൂന്നോ പപ്പടം വറുത്തു മാറ്റി വെക്കുക. ശേഷം ചെറിയ ഉള്ളി മുഴുവനായി എണ്ണയിലേക്കിട്ടു ചെറുതായി മൂപ്പിച്ച് എടുക്കുക. ശേഷം വറ്റൽ മുളക് കൂടി വറുത്ത് എടുക്കുക. ഇവയെല്ലാം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരുപിടി ചിരകിയ തേങ്ങയും അല്പം കല്ലുപ്പും നാരങ്ങാ നീരും പെരുംജീരകവും (വേണമെങ്കിൽ മാത്രം) ചേർത്ത് ഒന്നുകൂടി ഒതുക്കിയെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് വറുത്ത പപ്പടം കൈകൊണ്ടു പൊടിച്ചു ഞരടി ചേർക്കുക. കറിവേപ്പില കൂടി വറുത്തു ചേർത്ത് അലങ്കരിച്ച് വിളമ്പാം..!!